27.12.09

കലക്ട്രേറ്റും ഡിഡി ഓഫീസും




                                പഠിക്കാനും പഠിപ്പിക്കാനുമായി ഏറ്റവും കൂടുതൽ സമയം(കാലം) ബസ്‌യാത്ര ചെയ്തതിന്റെ ക്രഡിറ്റ് ‘എനിക്ക്’ ആയിരിക്കും എന്ന് ‘എനിക്ക്’ തോന്നുന്നു. ആകെ കൂട്ടിയപ്പോൾ കിട്ടിയത്, ഏതാണ്ട് ‘15000 മണിക്കൂർ’; അതിന്റെ കൂടെ എന്റെ സ്വകാര്യ കുടുംബയാത്രകളുടെ കണക്ക് വേറെയുണ്ട്. ഈ ബസ്‌യാത്രകൾ ഒരിക്കലും എനിക്ക് ഒരു പ്രശ്നമായി തോന്നിയിട്ടില്ല. മിക്കവാറും ബസ്‌യാത്രകൾ ഞാൻ ആസ്വദിക്കാറുണ്ട്.

                                  എന്റെ നാട്ടിൽ‌നിന്നും കണ്ണൂരിലേക്ക് പോകുന്ന ബസ്സിൽ നല്ല തിരക്ക് ഉണ്ടാവും. കണ്ണൂർ വരെ എത്രയോ ദിവസം നിന്നുകൊണ്ട് 45 മിനിട്ട് യാത്ര ചെയ്തിട്ടുണ്ട്. (ഒരിക്കൽ കോഴിക്കോട് മുതൽ കണ്ണൂർ വരെ നിന്ന്‌കൊണ്ടുള്ള യാത്രയും ചെയ്തിട്ടുണ്ട്). എങ്കിലും, ബസ് നിർത്തിയ ഉടനെ ഞാൻ മറ്റുള്ളവരെ തള്ളിമാറ്റി മുന്നിലെത്തി, ഇടിച്ചുകയറി ഒഴിഞ്ഞ സീറ്റുണ്ടെങ്കിൽ പെട്ടെന്ന് ഇരിക്കും. സീറ്റ് കിട്ടിയില്ലെങ്കിൽ ലേഡീസ്‌സീറ്റിൽ ഇരിക്കുന്നതെല്ലാം ‘പെണ്ണ്’ തന്നെയാണോ എന്ന് നോക്കും. ആണിന്റെ തല ലേഡീസ്‌സീറ്റിൽ കണ്ടാൽ പിന്നെ മുഖം‌നോക്കാതെ അവനെ പുറത്താക്കിയ ശേഷം അവിടെ കയറിയിരിക്കും. ചിലപ്പോൾ മധുവിധുവിന്റെ മണം മാറാത്ത ദമ്പതിമാർ ലേഡീസ്‌സീറ്റിലിരുന്ന് പരിസരം മറന്ന് സൊള്ളുന്നതോടൊപ്പം അമ്മായിയമ്മയെപറ്റി പുതുപുത്തൻ നുണ പറയുന്നുണ്ടാവും. അപ്പോഴായിരിക്കും ഒരു കട്ടുറുമ്പായി  എന്റെ അരങ്ങേറ്റം. അവനെ സീറ്റിൽ നിന്നും പുറത്താക്കി ആ സ്ഥാനത്ത് ഞാൻ കയറിയിരിക്കുമ്പോൾ അവളുടെ മുഖത്ത് ശരിക്കും കട്ടുറുമ്പ് കുത്തിയിരിക്കും.

                                ധാരാളം സ്ത്രീകൾ കമ്പിയിൽ‌തൂങ്ങിയാടി നിൽക്കുമ്പോഴും ഞാനൊന്നും അറിഞ്ഞില്ല എന്ന മട്ടിൽ സ്ത്രീകളുടെ സീറ്റിൽ ഇരിക്കുന്ന പുരുഷന്മാരെ ഒഴിപ്പിക്കാൻ എളുപ്പമാണ്. ഇരിപ്പിടത്തിനടുത്ത് പോയി അവരെ ദയനീയമായി നോക്കി അവരുടെ ചുമലിൽ വീഴാൻ‌പാകത്തിൽ നിൽക്കുകയല്ല വേണ്ടത്. നാലാൾ കേൾക്കെ ധൈര്യമായി പറയണം (ചോദിക്കരുത്),
“സ്ത്രീകളുടെ സീറ്റൊന്ന് ഒഴിവാക്കി തരണം”.
                              ഇങ്ങനെ പറയുന്നതിന് മുൻപും പിൻപും ഇരിക്കുന്നവന്റെ മുഖത്ത് നോക്കരുത്. പറയുന്നത് കേൾക്കാത്ത മട്ടിൽ ‘ആ ഇരിക്കുന്നവൻ’ ഉറക്കം പിടിക്കുകയാണെങ്കിൽ ഒരിക്കൽ‌കൂടി അല്പം ശബ്ദം ഉയർത്തി പറയണം. എന്നിട്ടും അതേപടിയാണെങ്കിൽ കണ്ടക്റ്റർ റൌണ്ട്സ് കഴിഞ്ഞ് വരുന്നതുവരെ കാത്തിരിക്കണം. കണ്ടക്റ്റർ പ്രത്യക്ഷപ്പെട്ടാൽ പറയണം,
“ഹലോ ലേഡീസ്‌സീറ്റ് ഒഴിവാക്കി തരണം”
അങ്ങനെ രണ്ട് തവണ പറയുക. കണ്ടക്റ്റർ ശരിക്കും അവരെ കുടിയൊഴിപ്പിക്കും; അല്ലെങ്കിൽ ചിലപ്പോൾ അത് കേട്ട് ഒരു ഡയലോഗ് കാച്ചും,
“അവരൊക്കെ ദൂരയാത്രക്കാരാ, അതൊന്നും പറ്റില്ല”.
                               അത് കേട്ടാലും കേട്ടില്ലെങ്കിലും ഇരിപ്പിടം ലഭിച്ചില്ലെങ്കിൽ താഴെപറയുന്ന രണ്ടിൽ ഏതെങ്കിലും ഒരു കാര്യം കൂടി  ചെയ്യാം.
  1. വായിൽ തോന്നിയത് പറയുക. ചില സേമ്പിൾ:
“അവിടെ സ്ത്രീകൾ എന്ന് എഴുതി വെച്ചത് വായിക്കാനറിയില്ലെ? ആ എഴുതിയത് മായിച്ച ശേഷം സീറ്റിൽ ഇരുന്നാൽ മതി”
അല്ലെങ്കിൽ ഡയലോഗ് ഇങ്ങിനെയാവാം.
“ആണുങ്ങളുടെ വേഷം കെട്ടി പെണ്ണുങ്ങളുടെ സ്ഥലത്ത് വന്നിരിക്കാൻ നിനക്കൊന്നും നാണമില്ലെ? സാറേ എഴുന്നേറ്റ് മാറിയാട്ടെ”
  1. ബാഗിൽ നിന്നും മൊബൈൽ പുറത്തെടുക്കുക. ഡയൽ ചെയ്യുക; ഒന്നുകിൽ 100, അല്ലെങ്കിൽ 1091.
ബാക്കി പോലീസ് വന്ന് നോക്കികോളും.

                                 ഇതൊക്കെ ചെയ്യുമ്പോൾ നട്ടെല്ല് വളക്കരുത്. പിന്നെ ദൈവം‌തമ്പുരാൻ തന്ന രണ്ട് ചെവികളില്ലെ; അത് രണ്ടും തുറന്നിട്ടാൽ അതിൽ ഒന്നിലൂടെ വല്ലതും കേട്ടാൽ മറ്റതിലൂടെ പുറത്ത് പോയിക്കൊള്ളും.

                                  ഞാൻ കണ്ണൂരിലെ ഒരു സർക്കാർ ഹൈസ്ക്കൂളിൽ ഹെഡ്‌ടീച്ചർ ആയിരിക്കുന്ന കാലം. സ്കൂൾ‌വിട്ട് വൈകുന്നേരം നേരെ കണ്ണൂർ ബസ്‌സ്റ്റാന്റിൽ വരും. പിന്നെ നാട്ടിലേക്ക് പോകാനായി എനിക്കിറങ്ങേണ്ട സ്ഥലം വഴി പോകുന്ന ബസിൽ കയറി ഏറ്റവും‌നല്ല സീറ്റ്‌ പിടിച്ച് പുറത്ത് നോക്കി ഇരിക്കും. ബസ്‌സ്റ്റാന്റിൽ പോയി ബസ് കയറുമ്പോൾ ധനനഷ്ടം പൂജ്യം, എന്നാൽ സമയനഷ്ടം പതിനഞ്ച് മിന്ട്ട്. ലാഭം സുഖകരമായ അർദ്ധനിദ്രയിൽ സ്വപ്നം കണ്ടുള്ള യാത്ര. ഒപ്പം ബസ്സിൽ എഫ്.എം. റേഡിയോ സംഗീതം കൂടി ഉണ്ടെങ്കിൽ യാത്ര കുശാലായി.

                                   ഒരു ദിവസം വൈകുന്നേരം അഞ്ച് മണി കഴിഞ്ഞ് മുപ്പത് മിനുട്ട് ആയപ്പോൾ എന്നെയും വഹിച്ച ബസ്, സ്റ്റാന്റിൽ നിന്നും സ്റ്റാർട്ട് ചെയ്ത്, കണ്ണൂർ കലൿട്രേറ്റിനു സമീപം  കാൽട്ടെക്സ് സ്റ്റോപ്പിൽ എത്തി. അഞ്ചരക്കണ്ടി വേങ്ങാട് കൂത്തുപറമ്പ് ബസാണ്. ഡ്രൈവറുടെ പിന്നിൽ മൂന്നാം നമ്പർ ലേഡീസ് സീറ്റിന്റെ ജനാലക്ക് സമീപം ഒറ്റക്ക് ഇരുന്ന് മോഹൻലാലിന്റെ പരസ്യം നോക്കി ആസ്വദിക്കുന്ന എന്റെ സമീപം ഒരു സ്ത്രീ വന്നിരുന്നു.  

                                ഞാൻ അടുത്തിരിക്കുന്നവളെ ഒന്നു നോക്കി. ഒരു നാല്പത്തി അഞ്ചിനും അൻപതിനും ഇടയിൽ പ്രായം, വളരെ ഡീസന്റ് വേഷം. കാഞ്ചീപുരം മോഡൽ പട്ടുസാരി സൂപ്പർ‌മോഡേൺ ആയി ഉടുത്തിരിക്കുന്നു. സിന്ദൂരപ്പൊട്ട് മൂന്നെണ്ണം, ഫസ്റ്റ് സീമന്തരേഖയിൽ, സെക്കന്റ് നെറ്റിയിൽ, തേർഡ് കഴുത്തിൽ. ‘ആ മൂന്നിന്റെയും സൂചന എനിക്ക് എത്ര ചിന്തിച്ചിട്ടും പിടികിട്ടിയില്ല’.  കഴുത്തിൽ  താലിചെയിനും ഇടതുകൈയിൽ നാല് വളകളും വലതുകൈയിൽ പുത്തൻ വാച്ചും; പിന്നെ ഐഡിയ കൈയിൽ പിടിച്ചിട്ടുണ്ട്. മുഖത്ത് കൂളിഗ് കണ്ണട വെച്ച് വളരെ ഗൌരവത്തിൽ അവർ അങ്ങനെ ഇരിക്കുകയാണ്. ഏതോ ഒരു ഓഫീസർ തന്നെയാവും; അതാണ് ഇത്രയും ഗൌരവം.

                                ബസ്സ് ട്രെയിനിംഗ് സ്ക്കൂളിനടുത്ത് എത്തിയപ്പോൾ അതേ മോഡൽ മറ്റൊരു സ്ത്രീ കൂടി ബസ്സിൽ കയറി. അവൾ നേരേ എന്റെ സീറ്റിനു സമീപം വന്ന്, എന്റെ അടുത്തിരിക്കുന്നവളോട് ചോദിച്ചു,
“നീയെവിടെന്നാ വരുന്നത്?”  
“എനിക്ക് കലൿട്രേറ്റിലാ പണി, അല്ല നീയെവിടെന്നാ”
ഇരിക്കുന്നവൾ ചോദിച്ചു.
“ഞാനിപ്പൊ ഡീഡി ഓഫീസിലാ, ട്രെയിനിംഗ് സ്ക്കൂളിനടുത്ത്”

                                 എനിക്ക് അവരോട് വളരെ ബഹുമാനം തോന്നി; ഒപ്പം സംശയവും. അപ്പോൾ എന്റെ അടുത്തിരിക്കുന്നത് കലൿട്രേറ്റിലെ ഓഫീസർ തന്നെയാവും. അതാണ് കലക്റ്ററെപോലെ ഇത്ര ഗൌരവം. നിൽക്കുന്നത് ഡീഡി ഓഫീസിലെ ഒരു സെൿഷൻ‌സുപ്രണ്ട് ആയിരിക്കണം. ആഴ്ചയിൽ ആറ് തവണയെങ്കിലും ഡീഡിഓഫീസിൽ പോകുന്ന എനിക്ക് അവിടെയുള്ള ഉപവിദ്യാഭ്യാസ ഓഫീസർ മുതൽ എല്ലാ ജീവനക്കരെയും മാത്രമല്ല, അവിടെ ബ്രിട്ടീഷ്‌കാർ പണിത ഇരുണ്ട ഇടനാഴികളിലെ ചുമരുകളെയും തൂണുകളെയും കൂടി പരിചയം ഉണ്ട്. എന്നാൽ ഇങ്ങനെയൊരു കഥാപാത്രത്തെ, ഇതുവരെ ഞാൻ പരിചയപ്പെട്ടിട്ടില്ല. അവിടെ അടുത്തകാലത്ത് പ്രമോഷനോടൊപ്പം ട്രാൻ‌സ്ഫർ ആയി വന്ന ഏതെങ്കിലും ഒരു സെൿഷൻ സുപ്രണ്ട് തന്നെയാവണം. ഞാൻ അല്പം ഒതുങ്ങി അവർക്കുംകൂടി അർദ്ധാസനം നൽകി.

                                 ബസ്സിൽ നിറയെ ആളുകൾ ഉണ്ടെങ്കിലും ആർത്തി മൂത്ത പിശുക്കനെപ്പോലെ വീണ്ടും‌വീണ്ടും ആളേ കയറ്റുകയാണ്. അതോടെ രണ്ട് തടിച്ചികളും ചേർന്ന് എന്നെ ഞക്കിപിഴിയുകയാണ്.

‘ചൊവ്വ’ എത്താറായപ്പോൾ നമ്മുടെ ഡീഡി ഓഫീസ്, കലൿട്രേറ്റിനോട് ചോദിച്ചു,
“അവിടെ പണിയൊക്കെ എങ്ങനെയാ?”

“എന്റെണേ,, ആ മെഷിൻ‌കല്ലിനെന്ത് കനാണ്, അതും എട്‌ത്തോണ്ട് കലക്ട്രാപ്പീസിന്റെ രണ്ടാം‌നെലേക്കേരി അന്റെ നടൂന്റാപ്പീസ് പൂട്ടി, നിനിക്കോ? ”

“ആട സ്ലാബിടാൻ ഓന്റെ ഒട്‌ക്കത്തെ സിമന്റ് കൊയക്കലാണ്. ഒരി മൊശകോടൻ മേസ്ത്രിയാ. അയാള് പണിയെട്ക്ക്ന്ന പള്ളക്ക്ന്ന് തെറ്റ്ന്നില്ല. ഏതോഒരി തുക്കടാ ഓട്ടലിന്ന് കൊണ്ടേന്ന ചോറ്, വെശപ്പിന് രണ്ട്‌വറ്റ് വാരിത്തിന്നിറ്റിപ്പം കൊടല്ന്ന് കാള്ന്ന്. വൈയീന്നേരം ഒപ്പരൊള്ള ആണ്ങ്ങക്ക് ദേശ്യം‌ബന്നിറ്റ്, ഓൻ‌കാണാതെ സ്ക്കൂളിന്റെ ബാക്കിലെ കെണറ്റില്, രണ്ട്, ചാക്ക്, സിമന്റ്, മറിച്ചി”

തുടർന്ന് സൈഡ്‌സീറ്റിൽ അമർന്നിരിക്കുന്ന എന്നെ ഒന്ന്‌കൂടി ഞെക്കിയശേഷം എന്നോടായി പറഞ്ഞു,
“ഇബറേ ഒന്നെണീറ്റ് നിന്നാട്ടെ,,,നമ്മക്ക് കൊറേദൂരം പോണ്ടതാ,,, ഞാമ്പറഞ്ഞിറ്റ്,, ഈ പെണ്ണ്‌ങ്ങക്ക് ചെവി കേക്കൂല്ലെ?”
യാത്രയിൽ കേട്ടത് ഇപ്പോൾ ഇത്രമാത്രം പോരേ?

പിൻ‌കുറിപ്പ്:

  1. ലേഡീസ്‌സീറ്റ് അവകാശപ്പെടുമ്പോൾ വശങ്ങളിൽ ലേഡീസ് എന്ന് എഴുതിയിട്ടുണ്ടോ എന്ന് ശരിക്കും നോക്കി ഉറപ്പ് വരുത്തണം.
  2.  ഡയൽ ചെയ്യാൻ പറഞ്ഞ നമ്പർ ആർക്കും വിളിക്കാം. പിന്നെ പോലീസ് വന്നാൽ ബ്ലോഗ് കാണിച്ചേക്കരുത്. എനിക്ക് പേടിയാ.
  3.  ബസ്‌യാത്രാ മണിക്കൂർ ഏകദേശം ഇപ്പോൾ കൂട്ടിയതാണ്
ഹൈസ്ക്കൂൾ പഠനം : 2 മണിക്കൂർ വീതം 3 കൊല്ലം.
കോളേജ് പഠനം : 1 മണിക്കൂർ വീതം 5 കൊല്ലം.
ട്രെയിനിങ് കോളേജ് : 2 മണിക്കൂർ വീതം 1 കൊല്ലം.
ജോലി ലഭിച്ചപ്പോൾ
സ്ക്കൂൾ1 : പത്ത് മിനിട്ട് നടത്തം 5 കൊല്ലം. (ബസ്‌യാത്ര :0)
സ്ക്കൂൾ2 : 4 മണിക്കൂർ വീതം 7 കൊല്ലം.
സ്ക്കൂൾ3 : 3 മണിക്കൂർ വീതം 3 കൊല്ലം.
സ്ക്കൂൾ4 : 1 മണിക്കൂർ വീതം16 കൊല്ലം.
സ്ക്കൂൾ5 : 3 മണിക്കൂർ വീതം 1 കൊല്ലം.
പിന്നെ ഒരു വർഷത്തിൽ സ്ക്കൂൾ 2,5 ഒഴികെ എല്ലാം 200 പ്രവൃത്തിദിനങ്ങളാണ്. സ്ക്കൂൾ 2,5 എന്നിവ 250 പ്രവൃത്തി ദിനം.
            കണക്കിൽ ഞാൻ വളരെ മോശമാണ്. അതുകൊണ്ട് കണക്കു കൂട്ടിയതിൽ തെറ്റ് ഉണ്ടാവാം.
   4.  ഒടുവിലുള്ള ആ ഡയലോഗ് മനസ്സിലാക്കാൻ അഞ്ചരക്കണ്ടി വഴി പോകുന്ന ഏതെങ്കിലും ബസ്സിൽ അഞ്ച് മണിക്ക് ശേഷം കയറി ലേഡീസ് സീറ്റിനു സ്മീപം നിൽക്കുക.
   5.  ഹെഡ്‌മിസ്റ്റ്ട്രസ് ആയ എന്നെ കണ്ടാൽ, സ്ക്കൂളിൽ പുതിയതായി വരുന്നവർ, അവിടെയുള്ള പ്യൂൺ ആയിരിക്കും എന്ന് വിശ്വസിക്കാറുണ്ട്. ബസ് യാത്രക്കാർ എന്നെകാണുമ്പോൾ എന്തായിരിക്കും ‘ധരിച്ചതെന്ന്’, എനിക്ക് ശരിക്കും അറിയില്ല.
   6.  ചൊവ്വ ആകാശത്തുള്ളതല്ല. ഈ ഭൂമിയിൽ‌തന്നെയുള്ളതാ. ചൊവ്വയെ കാണാൻ കണ്ണൂരിൽ വരിക; ഇവിടെ താഴെചൊവ്വയും മേലേചൊവ്വയും ഉണ്ട്.

18 comments:

  1. chechi,

    kalakki kettoooo....
    nammude kannurilaannu aakashavum chovvayum swargavumellaaam.....

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. ചെകുത്താനും കടലിനും ഇടയിൽ പെട്ടപോലെയുള്ള ആ ഡിഡി/ ആപ്പീസറുടെയടുത്തുള്ളയിരിപ്പ്...
    അല്ലാ...ഇതിനെയണ് ചൊവ്വാ ദോഷം..ചൊവ്വാ ദോഷം എന്നുപറയുന്നത്..അല്ലേ ?

    ReplyDelete
  4. ഞാന്‍ ആലോചിക്കുകയായിരുന്നു ഇത്രയും ധൈര്യം എന്താണന്നു കാര്യം മനസിലായി.... കണ്ണൂര്‍ അല്ലേ ?

    ReplyDelete
  5. കളക്ടര്‍ ആഫീസില്‍ 'കട്ട' പണി ചെയ്യുന്ന ടീമുകള്യിരുന്നു അല്ലെ. എന്തായാലും ടീച്ചര്‍ കൊള്ളം പാവം 'പുരുഷ കേര്സരികളെ' ഇരിക്കാന്‍ സമ്മതികതില്ല അല്ലെ? ഇനി ഞാന്‍ കണ്ണൂരില്‍ വരുമ്പോള്‍ വല്ല ഓട്ടോയിലും പോയ്കൊള്ളം.

    ReplyDelete
  6. ചാത്തനേറ്: ടീച്ചറേ ഈ പറഞ്ഞത് അവരെ കളിയാക്കിക്കൊണ്ടാണെന്നത് ശരി, പക്ഷേ ഇതിനൊരു മറുവശവുമുണ്ട്. നാലുവളേം ഒരു താലിമാലേം ആഡംബരമൊന്നുമല്ല ആ കൂളിങ് ഗ്ലാസ് ടീച്ചര്‍ എഴുത്തില്‍ ഒരു എക്സ്ട്രാ ഫിറ്റിംഗ് വച്ചതല്ലേ?
    ജോലിചെയ്ത് വിയര്‍ത്തൊട്ടിയ ശരീ‍രോം മുഷിഞ്ഞ് നാറുന്ന വസ്ത്രവുമിട്ടാ അവരു ടീച്ചറുടെ അടുത്ത് വന്നിരുന്നതെങ്കില്‍ ആദ്യത്തെ ഒന്നെണീറ്റ് തരുമോ കേള്‍ക്കാത്ത പാതി ടീച്ചര്‍ സ്ഥലം കാലിയാക്കിയേനെ.
    കേരളത്തിന് പുറത്ത് സഞ്ചരിച്ചാലേ അധ്വാനിക്കുന്ന വര്‍ഗം ശരിക്കും എങ്ങിനെ യാത്രചെയ്യുന്നു എന്ന് മനസ്സിലാക്കാന്‍ പറ്റൂ..
    മലയാളി പാടത്തും പറമ്പിലും പണിയെടുക്കുന്നവരും നിര്‍മ്മാണ തൊഴിലാളികളും എല്ലാമെല്ലാം കുളിച്ച് വൃത്തിയായേ പബ്ലിക് ട്രാന്‍സ്പോര്‍ട്ട് ഉപയോഗിക്കൂ. അതില്‍ അഭിമാനിക്കുകയല്ലേ വേണ്ടത്?

    ഓടോ:ബസ്സില്‍ പുരുഷന്മാര്‍ എന്നു സംവരണം കൊണ്ടു വരാത്തതിന് സമരം ചെയ്യേണ്ട കാലം അതിക്രമിച്ചു. പാവങ്ങള്‍ ഞങ്ങള്‍...

    ReplyDelete
  7. ചേച്ചി കൊള്ളം
    :)

    ReplyDelete
  8. ഒരു പെണ്ണ് യാത്രക്കിടയില്‍ ബസ്സിലെ തെരെക്കില്‍ കേറിയപ്പോ അവരെന്തൊക്കെ അണിഞ്ഞിരിക്കുന്നു എന്നും പൊട്ടുകുതിയ ക്രത്യം പോയന്റും ഇത്ര സൂക്ഷ്മമായി ടീച്ചര്‍ നിരീക്ഷിച്ചല്ലോ ? അത്. അതാണ്‌ സ്ത്രീ.കലക്കീട്ടുണ്ട് കേട്ട ..!!ഹെന്റമ്മോ... അവര്‍ക്ക് സീറ്റ് ഒഴിഞ്ഞു കൊടുത്തില്ലേല്‍ ബസ്സിനകത്ത് അതിലും വലിയ ദുരന്തം സംഭവിച്ചേക്കാം ... പുരുഷന്മാരെ.. ചുമ്മാ കെടക്കുന്ന പട്ടീടെ വായില്‍ കോലിട്ട് കുത്തി കടി ചോദിച്ചു വാങ്ങണോ? നാരികള്‍ നാ....

    ReplyDelete
  9. താങ്കളുടെ പോസ്റ്റ്‌ പ്രതിഷേധാര്‍ഹമാണ്‌.താങ്കളുടെ കാഴ്ചപ്പാടില്‍ കളക്റ്ററേറ്റും ഡി.ഡി.ആഫീസും വിദ്യാലയവുമൊക്കെ പണിതുയര്‍ത്തിയ തൊഴിലാളിക്ക്‌ മാന്യതയില്ല.ആ കോണ്‍ക്രീറ്റ്‌ സൗധങ്ങള്‍ക്ക്‌ കീഴിലിരുന്ന് ഗുമസ്ത്പ്പണിയെടുക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവര്‍ക്ക്‌ മാത്രമാണ്‌ മാന്യത.നാം സഞ്ചരിക്കുന്ന പാതകളും നമ്മുടെ മേല്‍ക്കൂരയും ഭിത്തികളുമൊക്കെ ആരുടെ വിയര്‍പ്പുകൊണ്ടാണ്‌ ഉണ്ടായത്‌ ടീച്ചറെ? ആ തൊഴിലാളികള്‍ ആഫീസര്‍മാരുടെ മാന്യവേഷം ധരിച്ചിരിക്കുന്നതും അവര്‍ ആഭരണങ്ങള്‍ അണിഞ്ഞിരിക്കുന്നതും താങ്കള്‍ക്ക്‌ സഹിക്കുന്നില്ല.താങ്കള്‍ അവരെ അപഹസിക്കുന്നു.നിങ്ങള്‍ വാങ്ങുന്ന ശമ്പളത്തില്‍ ഈ പാവങ്ങളുടെ നികുതിപ്പണം കൂടി ഉണ്ടെന്ന് ഓര്‍ക്കേണ്ടതാണ്‌. കുട്ടികളെ പഠിപ്പിക്കുന്ന റ്റീച്ചര്‍മാര്‍ ഇത്രയേറെ അധപ്പതിച്ചതും പ്രതിലോമകരവുമായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നത്‌ ഞെട്ടലുളവാക്കുന്നതാണ്‌.ഇതിനെയൊക്കെ കയ്യടിച്ച്‌ പ്രോത്സാഹിപ്പിക്കുന്നവരും ഉണ്ടെന്നുകണ്ട്‌ ഞാന്‍ അതിലേറെ ഞെട്ടുന്നു.നാം ഇത്രയേറെ ഇടുങ്ങി അധ:പ്പധിച്ചുപോയത്‌ എപ്പോഴാണ്‌?

    ReplyDelete
  10. ടീച്ചറെ നര്‍മ്മം സുഖിച്ചു ....പക്ഷെ അതിലെ മര്‍മ്മം അത്രയ്ക്ക് പിടിച്ചില്ല ...ടീച്ചര്‍ പറഞ്ഞ അത്രേം ഗെറ്റപ്പ് ആ കൂലി തൊഴിലാഴികള്‍ക്ക് ഉണ്ടാകുമോ എന്നറിയില്ല ...ടീച്ചര്‍ പഠിപ്പിചിരക്കുന്ന എല്ലാവര്ക്കും കളക്ടറെട്ടിലെ സൂപ്രണ്ട് ആവാനും കഴിയില്ലല്ലോ ..പിന്നെ ആ കൂലിപ്പണിക്കാരും തങ്ങളുടെ മക്കളെ ടീച്ചറിനെ പോലെ ഉള്ള ആദ്യപകരുടെ അടുത്തേക്ക് പറഞ്ഞയച് വിദ്യാഭ്യാസം ചെയ്യിക്കാനും കൂടി അല്ലെ പണിയെടുക്കുന്നത്

    ആശംസകളോടെ

    ReplyDelete
  11. ചാണക്യൻ (.
    നന്ദി.

    Rishin (.
    ആ ചൊവ്വ ഇപ്പോഴും നല്ല ചേലോടെയിരിക്കുന്നു. നന്ദി.

    ബിലാത്തിപ്പട്ടണം/Bilatthipattanam (.
    ആപ്പീസറുടെ ഗമ എല്ലാവർക്കും വളരെ ഇഷ്ടമാണ്. അഭിപ്രായത്തിനു നന്ദി.

    പാവപ്പെട്ടവൻ (.
    ഇപ്പോൾ കണ്ണൂരിൽ ലേഡീസ്‌സീറ്റിൽ പുരുഷന്മാർ ഇരിക്കാറില്ല. നന്ദി.

    ലംബൻ (.
    മുൻ‌വാതിലിലൂടെ മത്രം ബസ്സിൽ കയറി, പിന്നിൽ ഒഴിഞ്ഞ ഇരിപ്പിടം ഉണ്ടെങ്കിലും അത് നോക്കാതെ ലേഡീസ് സീറ്റ് മാത്രം നോക്കി നിൽക്കുന്ന ചിലരെ കാണാറുണ്ട്. നന്ദി.

    കുട്ടിചാത്തൻ (.
    ആലോചന നല്ലതാണ്. പേരെഴുതാത്തതെല്ലാം പുരുഷസംവരണം തന്നെയല്ലെ. നന്ദി.

    അഭി (.
    വളരെ നന്ദി.

    സ്വാഗതം (.
    ഇവിടെ എപ്പോഴും സ്വാഗതം. എപ്പോഴും യാത്ര ചെയ്യുമ്പോൾ ബോറടി മാറ്റാൻ എവിടെയെങ്കിലും നോക്കണ്ടെ. ലേഡീസ്‌സീറ്റ് മുന്നിലായതുകൊണ്ട് നോക്കാൻ വല്ലതും വേണ്ടെ? നന്ദി.

    കുമാരൻ (.
    നന്ദി.

    പ്രശാന്ത് ചിറക്കര (.
    അല്ല പ്രശാന്തെ മനുഷ്യന് ഒന്ന് ചിരിക്കാനും പറ്റില്ലെ? ആ ടെൻഷനൊക്കെ മാറ്റി ഒന്ന് ചിരിക്ക്.

    കുറുപ്പിന്റെ കണക്ക് പുസ്തകം (.
    വളരെ നന്ദി.

    കണ്ണനുണ്ണി (.
    നന്ദി.

    ഭൂതത്താൻ (.
    ആ ഗെറ്റപ്പ് വളരെ നല്ലതാണ്. നന്ദി.

    ഈ ബ്ലോഗ് തുടങ്ങിയ കാലത്ത് യാത്രക്കാരുടെ ശ്രദ്ധക്ക് എന്ന് ഒരു പോസ്റ്റിൽ ബസ് യാത്രവിശേഷം കൂടുതൽ കാണാം.

    ReplyDelete
  12. Othiri nannayi....!
    Manoharam, Ashamsakal...!!!

    ReplyDelete
  13. സ്ത്രീയുടെ എറ്റവും വലിയ ശത്രു പുരുഷനല്ല...
    മറ്റൊരു സ്ത്രീയാണ്...

    ReplyDelete
  14. Sureshkumar punjhayil (.
    വളരെ നന്ദി.
    പാവം ഞാൻ (.
    പിന്നെ, സ്ത്രീയുടെ ശത്രു സ്ത്രീ തന്നെയാണ്. ഉദാഹരണങ്ങൾ ഇനിയും പോസ്റ്റാം.
    എല്ലാവർക്കും ഒന്നുകൂടി നന്ദി.

    ReplyDelete
  15. അധ്വാനിക്കുന്ന തൊഴിലാളികളുടെ നെഞ്ചത്ത്‌ കയറി ഇരുന്നു വേണോ ടീച്ചറെ തമാശ ഉണ്ടാക്കാനും ചിരിക്കാനും ?? അവരും മനുഷ്യരാണ്. അവര്‍ നല്ല രീതിയില്‍ വസ്ത്രം ധരിക്കരുതെന്നും ആഭരണം ഇടരുതെന്നും പറയുന്നത് ടീച്ചറുടെ മനസ്സിന്റെ ഉള്ളിലെ ഒരു ബൂര്‍ഷ്വാ സ്വഭാവത്തെ അല്ലെ കാണിക്കുന്നത്?? ഈ പണക്കാരുടെ ലോകത്ത് ഒരു മൂലയില്‍ ഒതുങ്ങി അവരും ഒന്ന് ജീവിച്ചു പൊയ്ക്കോട്ടേ. അവരെ സഹായിക്കേണ്ട. പക്ഷെ ഇങ്ങനെ അപമാനിക്കാതിരിക്കൂ...

    ReplyDelete
  16. കൊസ്രാക്കൊള്ളി (.
    എനിക്കൊരു സംശയം; ഈ നാല് ശതമാനം വാറ്റ് ടാക്സും ഒരു ശതമാനം നിർമ്മാണ തൊഴിലാളിക്ഷേമനിധിയും കൊടുക്കുന്നത് തൊഴിലാളികളാണോ? ദിവസക്കൂലി തൊഴിലാളികൾ മാത്രമായി ഏത് നികുതിയാണ് കൊടുക്കുന്നത്? പിന്നെ ഈ അദ്ധ്യാപകരും തൊഴിലാളികളാണെന്ന് മറന്ന് പോയോ? അവരുടെ സങ്കടങ്ങളൊന്നും ഈ നർമ്മത്തിൽ കാണില്ല.

    ReplyDelete
  17. ടീച്ചര്‍ പള്ളിക്കുന്ന് സ്കൂളില്‍ ഹെഡ് മിസ്ട്രസ്സ് ആയിരുന്നോ ??? ആണെങ്കില്‍ എന്റമ്മോ ഞാന്‍ ഓടി :(

    ReplyDelete

ഇത്തിരിനേരം ചിരിക്കാം. ഇനി ഇവിടെ വല്ലതും കുറിച്ചിടാം!!!!!!!!!