9.9.12

ഫോൺ ഇൻ പ്രോഗ്രാം വിത്ത് എം പി


                       
 ജനപ്രതിനിധികളുടെ കൂട്ടത്തിൽ, ആദ്യമായി എന്നെ ഫോണിൽ വിളിച്ചത് ‘എം എൽ എ’ ആയിരുന്നു, ഒരിക്കലല്ല,, പലതവണ.
അദ്ദേഹം എങ്ങനെ വിളിക്കാതിരിക്കും!
                           സ്വന്തം പാർട്ടിക്കുവേണ്ടി സമരം‌ചെയ്ത് പോരാടുന്ന വിദ്യാർത്ഥികളെ ഹൈസ്ക്കൂൾ ഹെഡ്‌മിസ്ട്രസ്സായ ഞാൻ അകാരണമായി പീഡിപ്പിക്കുമ്പോൾ സ്ക്കൂളിലേക്ക് ഫോൺ ചെയ്ത് ചോദിക്കേണ്ടത് ഒരു നേതാവിന്റെ കടമയല്ലെ? വിളിച്ച എം എൽ എ, എനിക്ക് പരിചയമുള്ള എന്റെ നാട്ടുകാരനായിരുന്നു. വേലയും കൂലിയും ഇല്ലാത്തവനായി തേരാപാര നടക്കുന്നകാലത്ത് എന്റെ സഹോദരനോടൊപ്പം എന്റെ വീട്ടിൽ‌വന്ന്, എന്റെ അമ്മ ഉണ്ടാക്കിയ കാപ്പികുടിച്ചവൻ. എന്നാൽ സ്ക്കൂളിലേക്ക് വിളിച്ചത് വിദ്യാർത്ഥികളുടെ കാര്യം അന്വേഷിക്കാൻ മാത്രമായിരുന്നു.

അവസാനം വിളിച്ചത് മന്ത്രി ആയിരുന്നു; സാക്ഷാൽ ‘വിദ്യാഭ്യാസ മന്ത്രി’ തന്നെ!
ഹൊ,, അതൊരു അനുഭവം ആയിരുന്നു,,,, രോമാഞ്ചകഞ്ചുകമണിഞ്ഞ അനുഭവം,,, 
അദ്ദേഹം എങ്ങനെ വിളിക്കാതിരിക്കും!
                           ‘എസ് എസ് എൽ സി’ വിജയശതമാനം ‘വെറും അൻപത്’ ആയിരുന്ന ഒരു വിദ്യാലയത്തെ ഒരു വർഷം‌കൊണ്ട് 'തൊണ്ണൂറ്റി ആറ്' ശതമാനമാക്കി ഉയർത്തി വിദ്യാഭ്യാസ വകുപ്പിന്റെ മാനംകാത്ത ഹെഡ്‌ടീച്ചറായ എന്നെ വിദ്യാഭ്യാസ മന്ത്രിയല്ലെ വിളിച്ച് അനുമോദിക്കേണ്ടത്. അദ്ദേഹത്തിന്റെ അനുമോദനം ലഭിക്കുമ്പോഴേക്കും, പഠിക്കുന്നതും പഠിപ്പിക്കുന്നതുമായ പരിപാടികളൊക്കെ അവസാനിപ്പിച്ച ഞാൻ, വിരമിച്ച് വീട്ടിലിരുന്ന് ബ്ലോഗെഴുത്ത് തുടങ്ങിയിരുന്നു.

ഈ രണ്ട് വിളികൾക്കിടയിൽ ഒരു ദിവസമാണ് ‘എം പി’ വിളിച്ചത്, അതൊരു സംഭവം ആയിരുന്നു,,,
ഇന്നും എനിക്ക് പൂർണ്ണമായി വിശ്വസിക്കാനാവാത്ത ഒരു മഹാസംഭവം!!!
                         അദ്ധ്യാപന ജീവിതത്തിന്റെ ഒടുവിലത്തെ നാളുകളിൽ ‘ഏക്ക് ദിൻ കാ സുൽത്താൻ’ ആയിട്ടല്ല, ‘ഏക്ക് വർഷ് കാ സുൽത്താന’ ആയ ഒരുപാവം ഹെഡ്‌മിസ്ട്രസ്സ് ആയിരുന്നു ഞാൻ. അങ്ങനെയല്ലെങ്കിൽ ഹെഡ്‌മിസ്ട്രസ്സ് ആയി നിയമനം ലഭിച്ച ഓർഡർ മെയ് 31ന് വെബ്‌സൈറ്റിൽ കണ്ടപ്പോൾ‌തന്നെ ഡൌൺ‌ലോഡ് ചെയ്ത കോപ്പിയെടുത്ത് അതുവരെ കാണാത്ത ഹൈ സ്ക്കൂളിലേക്ക് ജൂൺ ഒന്നാം തീയതി വെള്ളിയാഴ്ചതന്നെ ചാർജെടുക്കാൻ പോകുമോ?
പോയിട്ടോ?
                        എന്റേതാവുന്ന സർക്കാർ ഹൈസ്ക്കൂളിനുമുന്നിൽ കൃത്യം 9മണിക്ക് ബസ്സിറങ്ങിയപ്പോൾ കണ്ടത് അടഞ്ഞ ഗെയ്റ്റ്. വിദ്യാർത്ഥികൾക്ക് മുന്നിലല്ലാതെ സ്ക്കൂളെന്തിന് നേരത്തെ തുറക്കണം? അവർക്കന്ന് അവധിയാണല്ലൊ,,, (കൂടെ അവിടത്തെ ഹയർ സെക്കന്ററി അദ്ധ്യാപികയായ സഹോദരപത്നി കൂടി ഉണ്ടായിരുന്നു). ഏതാനും മിനുട്ടുകൾ കഴിഞ്ഞപ്പോൾ ഗെയ്റ്റ് തുറന്നു, വാതിൽ തുറന്നു, ചാർജ് വാങ്ങി, ഒപ്പിട്ടു; അങ്ങനെ ഒരു മാസമായി ഒഴിഞ്ഞിരിക്കുന്ന എന്നെ കാത്തിരിക്കുന്ന ഹെഡ്‌മിസ്ട്രസ്സ് കസാരയിൽ ഞാൻ അമർന്നിരുന്നു.

                        അപ്പോൾ ദെ മനസ്സിലൊരു ലഡ്ഡുപൊട്ടി,,,  ഒന്ന് ഫോൺ ചെയ്താലോ,,, ദ, കിടക്കുന്നു ലാന്റ് ഫോൺ,,,
മുന്നിലുള്ള മേശയുടെ ഒരു മൂലയിൽ ഇരിക്കുന്ന ടെലിഫോൺ നീക്കിയിട്ട് ഞാനതിന്റെ റിസീവർ പതുക്കെ എടുത്തു, സ്വന്തമായി ഒരു മൊബൈലുണ്ടെങ്കിലും ഇനി ഇതിലൂടെ എനിക്കാരെയും വിളിക്കാമല്ലൊ,,
പെട്ടെന്ന് വലിയൊരു ബുക്കുമായി കടന്നുവന്ന പ്യൂൺ പറഞ്ഞു,
“മാഡം അത് മൂന്ന്‌മാസം മുൻപെ ചത്തിരിക്കയാ,,, പിന്നെ വിളിക്കാൻ,, ഒരു രൂപ ഇട്ട് വിളിക്കുന്ന കോയിൻ‌ഫോൺ അപ്പുറത്തുണ്ട്”
മറുപടി പറയാതെ ഞാനത് കുലുക്കിയിട്ട് പൊടികളൊക്കെ തട്ടിയശേഷം റിസീവർ ശക്തിയിൽ തിരിച്ചുവെച്ചു,
“എന്നിട്ട് ഇത് നന്നാക്കിയില്ലെ?”
“ഇല്ല മാഡം”
                        എനിക്കറിയാത്ത ഏതൊക്കെയോ സംഭവങ്ങൾ എഴുതിയതിന്റെ ചുവട്ടിൽ ഒപ്പ്  വാങ്ങിയിട്ട് പ്യൂൺ തിരിച്ചുപോയപ്പോൾ ഞാൻ ചിന്താമഗ്നയായി, ‘ഈ ചത്ത ഫോണിലാണോ ഞാൻ വിളിക്കേണ്ടത്, നാളെത്തന്നെ ടെലിഫോൺ ഓപ്പറേറ്ററെ വിളിക്കണം, പുതിയൊരു ലാന്റ്‌ഫോൺ വാങ്ങണം’
പെട്ടെന്ന് എന്റെ ചിന്തകൾ മുറിഞ്ഞു,, അതാ ഫോൺ ബല്ലടിക്കുന്നു,, അത്‌കേട്ടപ്പോൾ തൊട്ടടുത്ത മുറിയിലിരിക്കുന്ന ക്ലാർക്കും പ്യുണും അകത്തുവന്നു. അവരെല്ലാം അന്തം‌വിട്ട് നോക്കിനിൽക്കെ ഞാൻ റിസീവർ എടുത്ത് പതുക്കെ ചെവിയിൽ വെച്ചു,
“ഹലോ,,,”
അതൊരു തുടക്കം ആയിരുന്നു.

 അതേ, ആ ടെലിഫോണിലൂടെ കോളുകൾ പലതും കടന്നുവന്നു,
ഏഷണി, ഭീഷണി, അപേക്ഷ, മാപ്പ് പറയൽ, പരാതി പറയൽ, എല്ലാമെല്ലാം,,,
പിന്നെ വന്നതിനെല്ലാം അതേഡോസിൽ തിരിച്ചുകൊടുക്കുമ്പോൾ എന്തൊരു മനഃസമാധാനം!
 അതേ ഫോണിലൂടെ പല സ്ഥലത്ത് പലരെയും ഞാൻ വിളിച്ചു,
പോലീസ് സ്റ്റേഷനിൽ, വിദ്യാഭ്യാസ ഓഫിസുകളിൽ, ആർ ടി ഓ ഓഫിസിൽ, പാർട്ടി ഓഫീസുകളിൽ, പഞ്ചായത്ത് ഓഫീസുകളിൽ, മറ്റു വിദ്യാലയങ്ങളിൽ, പിന്നെ ഏറ്റവും കൂടുതലായി എന്റെ വീട്ടിലും;
അങ്ങനെ കണ്ണൂർ ജില്ലയിലെ അറിയപ്പെടുന്ന ഹൈസ്ക്കുളിലെ ഹെഡ്‌ടീച്ചറായിട്ട് ഞാൻ വാണരുളിയിട്ട് രണ്ട് മാസം കഴിയാറായപ്പോൾ,,,

ഒരു ദിവസം രാവിലെ കൃത്യം 11മണിക്ക്,
“ഹലോ”
“യെസ്”
“ഇത് ഹൈസ്ക്കൂളല്ലെ? ഹെഡ്‌മിസ്ട്രസിനെ വേണമല്ലൊ?”
“ഇത് ഹെഡ്‌മിസ്ട്രസ് തന്നെയാണ്, നിങ്ങളാരാണ്?”
“ഞാൻ …… ……… എം പി”
റിസീവർ വലതുകൈയിൽ മുറുകെപിടിച്ച് ഹെഡ്‌മിസ്ട്രസ് ആയ ഞാനൊന്ന് ഞെട്ടി,,, തലയിലും കാലിലും ആകെയൊരു തരിപ്പ്; എനിക്ക് വിശ്വാസം വന്നതേയില്ല. ഇവിടെ വന്ന് ഏതാനും ദിവസം കഴിഞ്ഞപ്പോൾ‌തന്നെ ‘എം എൽ എ’ ഉൾപ്പെടെ അനേകം ‘വി ഐ പി’കളുടെ ഫോൺ വരുന്നുണ്ട്,,, ഇപ്പോൾ,
“അത്,,, സാർ, എം പി,,,,?”
“എം പി,,,  മെമ്പർ ഓഫ് പാർലമെന്റ്”
                         ഞാൻ ഞെട്ടി,,, വീണ്ടും വീണ്ടും ഞെട്ടി. സ്ക്കൂളിനടുത്ത നാട്ടുകാരനായ എം പി, ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാനായി സ്വന്തം നാട്ടിലെ വീട്ടിൽ വന്നിട്ടുണ്ടെന്ന് അറിയാം. എന്നിട്ട്, സ്വന്തം നാട്ടുകാരെയൊന്നും വിളിക്കാതെ മറുനാട്ടുകാരിയായ അദ്ദേഹത്തിന്റെ വോട്ടറല്ലാത്ത എന്നെ വിളിക്കുക!!! എന്തതിശയമേ ഹെഡ്‌മിസ്ട്രസ്സിൻ പദവി! ഞാനറിയാതെ ഞാനെന്റെ സ്വന്തം കസാരയിൽ നിന്നെഴുന്നേറ്റു; പിന്നെ അമർന്നിരുന്നിട്ട് ചോദിച്ചു,
“അത് സാർ എന്നെ വിളിച്ചത്?”
“ഞാൻ വിളിച്ചത്,,, അത് സ്ക്കൂളിലെ പ്ലസ് വൺ അഡ്‌മിഷന്റെ ഒരു കാര്യം പറയാനാണ്”
“സർ, അത് ഹയർ സെക്കന്ററി കാര്യമല്ലെ? പ്രിൻ‌സിപ്പാൾ ആണല്ലൊ ചാർജ്”
“പ്രിൻ‌സിപാൾ ഇൻ-ചാർജല്ലെ, അവളെ എനിക്കറിയാം. ഇവിടെ അടുത്ത വീടല്ലെ,,”
ഞാൻ വീണ്ടും ഞെട്ടി,,  എന്റെ തലയിലൊരു വലിയ ലഡു പൊട്ടി.

                       ജൂൺ ഒന്നാം തീയതി ഹൈസ്ക്കൂൾ ഹെഡ്‌ടീച്ചറായി ഞാൻ ചാർജെടുത്ത് ഒരു മാസം പൂർത്തിയാവുന്നതിന് മുൻപ് അതേ ഓഫീസിൽ തൊട്ടടുത്ത കസാരയിൽ അതുവരെ ഇരുന്ന പ്രിൻസിപ്പാൾ ട്രാൻസ്ഫർ ആയതാണ്. അങ്ങനെ ആയില്ലെങ്കിൽ അവിടെനിന്ന് ‘അദ്ദേഹത്തെ ഞാൻ ഓടിക്കുമായിരുന്നു’, എന്നത് വേറെ കാര്യം. ഓഫീസർ ആണായാലും പെണ്ണായാലും ഒരു സിംഹം മതി; മറ്റൊന്നിനെ ഇവിടെ ഞാൻ അനുവദിക്കില്ല. ഫോൺ തുടരുകയാണ്,
“ഇപ്പോൾ പ്ലസ് വൺ അഡ്മിഷൻ ഹെഡ്‌ടീച്ചറും ചേർന്നാണ് നടത്തുന്നതെന്ന് എനിക്കറിയാം. ഇവിടെ എനിക്ക് വേണ്ടപ്പെട്ട ഒരു കുട്ടിയുണ്ട്, അവളുടെ പേര്,,, എഴുതിക്കൊ,,,”
“പേര്?”
…….. ……
കുട്ടിയുടെ പേര് എഴുതിയെടുത്തശേഷം ഞാൻ പറഞ്ഞു,
“അത് സർ?”
“അവൾക്ക് പ്ലസ് വണ്ണിന് അഡ്‌മിഷൻ കൊടുക്കണം”
“അത് സർ റാങ്ക് ലിസ്റ്റ് നോക്കിയിട്ട് കൊടുക്കാം”
“എന്റെ ടീച്ചറെ ഒരു എം പി യാണ് പറയുന്നത്, റാങ്ക് ലിസ്റ്റ് നോക്കിയാലും ഇല്ലെങ്കിലും അവളെ ചേർത്തുകൊള്ളണം. പിന്നെ റേങ്ക് നമ്പർ വേണമെങ്കിൽ,,, ജസ്റ്റ് എ മിനിറ്റ്,,,,”
അദ്ദേഹം ആരോടോ ചോദിക്കുകയാണ്, അതിനുശേഷം റാങ്ക് നമ്പർ പറഞ്ഞതുകേട്ട് ഞാൻ വീണ്ടും ഞെട്ടി. 60 കുട്ടികളെ മാത്രം ഉൾക്കൊള്ളുന്ന ക്ലാസ്സിൽ ഒരിക്കലും പ്രവേശനം ലഭിക്കാനിടയില്ലാത്ത വലിയൊരു നമ്പർ. കൂടുതൽ ചിന്തിക്കുന്നതിന് മുൻപ് ഞാൻ പറഞ്ഞു,
“സർ ഇതൊക്കെ തീരുമാനിക്കാനുള്ള അധികാരം പ്രിൻസിപ്പാളിനാണ്. അവർ ഒരു കോൺഫ്രൻസിൽ പങ്കെടുക്കാൻ പോയിരിക്കയാണ്, അവരുടെ നമ്പർ തന്നാൽ സാർ അവരോട് വിളിച്ചുപറയുന്നതല്ലെ നല്ലത്”
“അവളുടെ നമ്പറൊക്കെ എനിക്കറിയാം, എന്റെ നാട്ടുകാരിയല്ലെ,, ഞാൻ വിളിച്ചുപറഞ്ഞുകൊള്ളാം. പിന്നെ കുട്ടിയും രക്ഷിതാവും ഉടനെ അങ്ങോട്ട് വരുന്നുണ്ട്, അഡ്‌മിഷൻ കൊടുത്തുകൊള്ളണം”

                          അങ്ങനെ ഒരു വലിയ ബോംബ് പൊട്ടലോടെ എം പിയുടെ ഫോൺ ഇൻ പ്രോഗ്രാം അവസാനിച്ചെങ്കിലും വലിയ പ്രശ്നത്തിന്റെ ആരംഭമായി. എന്റെ തലച്ചോറിൽ സംശയങ്ങൾ പൂമ്പാറ്റകളായും തേനീച്ചകളായും കടന്നലുകളായും പറക്കാൻ തുടങ്ങി. പിന്നെ ഇതെല്ലാം സംഭവിച്ചത് ‘പ്ലസ് വൺ ഏകജാലക സംവിധാനം’ വരുന്നതിന് മുൻപ് ആയതിനാൽ മുഴുവൻ സീറ്റിലും ആദ്യം തന്നെ വിദ്യാർത്ഥികൾ ചേർന്നിട്ടുണ്ടാവില്ല.
                          പെട്ടെന്ന് ചെയ്യേണ്ട കർമ്മങ്ങളോർത്തപ്പോൾ ഞാൻ കടന്നലുകളെയെല്ലാം ഓടിച്ച്‌വിട്ട് കർത്ഥവ്യ ബോധമതിയായി. കുട്ടിയും രക്ഷിതാവും ഇപ്പോൾ വരും, വരുന്നവർ ഏതായാലും എം പിയുടെ ബന്ധുവല്ലെന്നുറപ്പ്; രക്ഷിതാവ് ആരായിരിക്കും? അച്ഛനോ? അതോ അമ്മയോ?
അച്ഛനാണെങ്കിൽ പറയാനിടയുള്ള ഡയലോഗും അമ്മയാണെങ്കിൽ അങ്ങോട്ട് പറയാനുള്ള ഡയലോഗുകളും ഞാൻ മനസ്സിൽ പറഞ്ഞ് പഠിക്കാൻ തുടങ്ങി.

                           ചിന്തിച്ച് ചിന്തിച്ച് തലപുകഞ്ഞ ഞാൻ പതുക്കെ എഴുന്നേറ്റ് തൊട്ടപ്പുറത്തെ ഓഫീസ്‌റൂമിലേക്ക് കടന്ന് നാട്ടുകാരനായ പ്യൂണിനോട് സംഭവം വിശദമാക്കി; നമ്മുടെ എം പി യെ നാട്ടുകാരന് പരിചയം ഉണ്ടാവുമല്ലൊ. ഞാൻ പറഞ്ഞതെല്ലാം ഒരു ചെവിയിലൂടെ കേട്ട പ്യൂൺ ഒരു മിനിട്ട് ചിന്തിച്ചശേഷം എന്നോട് ചോദിച്ചു,
“ടീച്ചർക്ക് നമ്മുടെ എം പി യെ നേരിട്ട് പരിചയം ഉണ്ടോ?”
“ഇല്ല, പിന്നെ ടീവിയിലൂടെ കാണുന്ന പരിചയമുണ്ട്”
“അപ്പോൾ വിളിച്ചത് എം പി തന്നെയാണെന്ന് എന്താണുറപ്പ്? ശബ്ദം കേട്ടാൽ തിരിച്ചറിയാൻ കഴിയുമോ?”
ചിന്താമഗ്നയായ എന്റെ തലയിൽ വീണ്ടുമൊരു ലഡ്ഡു പൊങ്ങിവന്ന് പൊട്ടാൻ തയ്യാറായി. മോണോ ആക്റ്റും മിമിക്രിയും എന്നെക്കാൾ അറിയുന്ന വിദ്യാർത്ഥികളെ പഠിപ്പിച്ചവളാണല്ലൊ ഞാൻ.
“ടീച്ചർ വളരെ ആലോചിച്ച് തീരുമാനമെടുത്താൽ മതി. റാങ്ക് മറികടന്ന് അഡ്‌മിഷൻ കൊടുത്താൽ ആകെ കുഴപ്പമാവും; സ്ക്കൂൾ അടിച്ചുപൊളിക്കാനുള്ള ചാൻസ് നോക്കിയിരിക്കയാണ് നാട്ടുകാർ. പിന്നെ ഇതെല്ലാം പ്രിൻസിപ്പാളിന്റെ തീരുമാനത്തിന് വിടുന്നതാണ് നല്ലത്”
                           നാട്ടുകാരെ നല്ല പരിചയമുള്ള നാട്ടുകാരിൽ ഒരുവനായ പ്യൂൺ പറഞ്ഞത് കേട്ടപ്പോൾ ഞാനാകെ വിയർത്തു. വിദ്യാർത്ഥികളുടെ പഠനനിലവാരം കുറവാണെന്നറിയാമെങ്കിലും രക്ഷിതാക്കൾ ഉൾപ്പെട്ട നാട്ടുകാരിത്രക്ക് കുഴപ്പക്കാരാണെന്ന് അറിഞ്ഞിരുന്നില്ല. പിന്നെ ഞാനെന്തിന് ഇക്കാര്യത്തിൽ ഇടപെടണം? പ്ലസ് വൺ കാര്യം ഹയർ സെക്കന്ററി വകുപ്പിന്റെ ചുമതലയല്ലെ; നാളെ പ്രിൻസിപ്പാൾ-ഇൻ-ചാർജ് വരുമല്ലൊ. പക്ഷെ പ്ലസ് വണ്ണിൽ ചേരാമെന്ന പൂർണ്ണ വിശ്വാസത്തോടെ പെട്ടെന്ന് കടന്നുവരാനിടയുള്ള രക്ഷിതാവിന്റെയും കുട്ടിയുടെയും മുന്നിലെങ്ങനെ പിടിച്ചുനിൽക്കും?

                            എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുമ്പോഴാണ് സ്ക്കൂൾ ഗെയ്റ്റ് കടന്ന് യൂനിഫോം അണിയാടാത്ത പെൺകുട്ടിയും ഒപ്പം മുതിർന്നൊരു സ്ത്രീയും വരുന്നത് കണ്ടത്; അവർ തന്നെയാവും കക്ഷികൾ. ഓഫിസിനകത്ത് കടന്ന അവർ മറ്റുള്ളവരോട് കാര്യങ്ങളൊന്നും പറയാതെ നേരെ ഹെഡ്‌മിസ്ട്രസ്സ് ഇരിക്കുന്ന ഉൾവശത്തെ ക്യാബിനിലേക്ക് വന്നു. ഇരുവരേയും നോക്കിയ ഞാൻ മുതിർന്ന സ്ത്രീയോട് ഇരിക്കാൻ പറഞ്ഞു,
“ഞാനിരിക്കുന്നില്ല ടീച്ചറെ, എം പി ………. വിളിച്ചു പറഞ്ഞതുകൊണ്ടാണ് നമ്മള് വന്നത്,,”
“അത് പിന്നെ?”
“എല്ലാ കാര്യങ്ങളും ഹെഡ്‌ടീച്ചറോട് പറഞ്ഞിട്ടുണ്ടെന്ന് ഏട്ടൻ പറഞ്ഞു”
“ആര്?”
“എം പി, നമ്മളവരെ തൊട്ടപ്രത്തെ വീട്ടിലാ താമസം. എന്റെ മോളെയാണ് പ്ലസ് വണ്ണിന് ചേർക്കേണ്ടത്; മോളേ, ആ കടലാസെല്ലാം കൊടുക്ക്”
അവൾ എസ് എസ് എൽ സി കാർഡും സർട്ടിഫിക്കറ്റുകളും മേശപ്പുറത്ത് വെച്ചു. ഏട്ടനാണെന്ന് അവർ പറയുന്ന എം പി യുടെ കാര്യം കൂടുതലായി ചോദിക്കാൻ എനിക്ക് ധൈര്യം വന്നില്ല, ഈ അമ്മക്കും മകൾക്കും പിന്നിൽ ആരൊക്കെ ഉണ്ടാവുമെന്ന് എനിക്ക് മാത്രമല്ല ദൈവത്തിനുപോലും അറിയില്ല. ഞാൻ പതുക്കെ പറഞ്ഞു,
“ഇത് ഹയർ സെക്കന്ററി കാര്യമല്ലെ, ഇന്ന് പ്രിൻസിപ്പാൾ ഇല്ല, നാളെ അവർ വന്നിട്ട് ശരിയാക്കാം”
“എന്നിട്ട് ഏട്ടൻ പറഞ്ഞത് ഹെഡ്‌ടീച്ചർക്ക് പ്ലസ് വണ്ണിന് ചേർക്കാമെന്നാണല്ലൊ”
“എനിക്ക് ഹൈസ്ക്കൂൾ കാര്യം മാത്രമേ ഒറ്റക്ക് ചെയ്യാൻ പറ്റുകയുള്ളു. ഹയർ സെക്കന്ററി ആയാൽ പ്രിൻസിപ്പാൾ കൂടി വേണം. അതിനുള്ള കടലാസൊക്കെ പ്രിൻസിപ്പാളിന്റെ കൈയിലാണ്. നാളെ വാ,,,”
“നാളെ ഉറപ്പായിട്ടും ചേർക്കുമല്ലൊ”
“പ്രിൻസിപ്പാൾ വരട്ടെ, എന്നിട്ട് പറയാം”

                           ഞാൻ പറഞ്ഞത് പൂർണ്ണമായി വിശ്വസിക്കാതെ അവർ വെളിയിലേക്കിറങ്ങിയപ്പോൾ എന്റെ തലയിലെ ഭാരം അല്പം ഇറങ്ങിയതായി എനിക്ക് തോന്നി. വെറുമൊരു ഹെഡ്‌മിസ്ട്രസ്സ് ആയ ഞാനെന്തിന് പ്രിൻസിപ്പാളിന്റെ വകുപ്പിൽ തലയിടണം. പുതിയ പ്രിൻസിപ്പാൾ വരുന്നതുവരെ ആ ചുമതല വഹിക്കുന്ന ഹയർസെക്കന്ററി സീനിയർ ടീച്ചറുണ്ടല്ലൊ. അവരാണെങ്കിൽ ഇതേ പഞ്ചായത്തിലുള്ളവരാണ്. 

                          ഉച്ചകഴിഞ്ഞപ്പോൾ കോൺഫ്രൻസ് പൂർത്തിയാക്കാതെ പ്രിൻസിപ്പാൾ-ഇൻ-ചാർജ് സ്ക്കൂളിൽ വന്നു, അപ്പോൾ കാര്യം അവരും അറിഞ്ഞിരിക്കും. പ്രിൻസിപ്പാൾ എന്റെസമീപം‌ വന്ന് ചോദിച്ചു,
“ടീച്ചറെ എം പി ഫോൺ ചെയ്തോ?”
“ചെയ്തു, കുട്ടിയും രക്ഷിതാവും വന്നപ്പോൾ നാളെ വരാൻ പറഞ്ഞ് ഞാനവരെ തിരിച്ചയച്ചു”
“ഹൊ, ആശ്വാസം; എന്നോട് മീറ്റിംഗിൽ പങ്കെടുക്കുന്നത് ഒഴിവാക്കി, സ്ക്കൂളിൽ വന്ന് കുട്ടിയെ ചേർക്കാനാണ് വിളിച്ചുപറഞ്ഞത്”
അപ്പോൾ ടീച്ചർ വന്നത് എം പി ഫോൺ ചെയ്തിട്ടാണ്, പെട്ടെന്ന് ഞാനൊരു സംശയം ചോദിച്ചു,
“ആ വിളിച്ചത് എം പി തന്നെയാണെന്ന് ഉറപ്പുണ്ടോ ടീച്ചർ? റാങ്ക് നമ്പർ മറികടന്ന് നമുക്കൊന്നും ചെയ്യാനാവില്ലെന്ന് അദ്ദേഹത്തിനറിയില്ലെ?”
“ഉറപ്പില്ല, എന്നാലത് എം പി അല്ലെന്ന് ഉറപ്പിക്കാൻ പറ്റുമോ? പ്രത്യേകിച്ച് അദ്ദേഹം ഇവിടെ അടുത്ത് സ്വന്തം വീട്ടിലുള്ളപ്പോൾ?”
“അത് ശരിയാ, ആ കുട്ടിയെ ചേർക്കുന്നതല്ലെ നല്ലത്, പ്ലസ് വണ്ണിന് ഇനിയും സീറ്റ് ഒഴിവ് ഉണ്ടല്ലൊ”
“അതിപ്പം എങ്ങനെയാ? അവളെക്കാൾ മുന്നിൽ റാങ്ക് വരുന്ന ധാരാളം കുട്ടികളുള്ളപ്പോൾ”
“എന്നാൽ അവളോട് പറയണം ‘എം പി യുടെ കൈയിൽ നിന്നും ഒരു ഉത്തരവ് വാങ്ങി വരാൻ”
“അയ്യോ, അതൊന്നും പറ്റില്ല ടീച്ചറെ, പ്രത്യേകിച്ച് അദ്ദേഹത്തിന് എന്നെ പരിചയം ഉള്ളപ്പോൾ. ഒരു എം പി യെ നമ്മൾ ടീച്ചേർസിന് വിശ്വാസമില്ലെന്ന് പറയില്ലെ. ഏതായാലും നാളെയാവട്ടെ അപ്പോഴേക്കും ആലോചിച്ച് ഒരു പോം‌വഴി കണ്ടെത്താം”

ആലോചിച്ച് വഴികണ്ടെത്താനുള്ള ചുമതല പ്രിൻസിപ്പാളിന് മാത്രമായി വിട്ടുകൊടുത്ത് ഞാനെന്റെ തലയൂരി.
പ്രിൻസിപ്പാൾ ആ കുട്ടിയെ ചേർക്കുകയോ ചേർക്കാതിരിക്കുകയോ ചെയ്തിരിക്കാം.
എന്നാൽ,,,
അപ്പോൾ മാത്രമല്ല ഇപ്പോഴും എനിക്ക് സംശയം,
വിളിച്ചത് എം പി തന്നെയാണോ?
ആയിരിക്കാം,, അല്ലായിരിക്കാം,,
നാട്ടിലാകെ മിമിക്രിക്കാരുള്ളപ്പോൾ എങ്ങനെ ഒരു തീരുമാനത്തിൽ എത്തും?
 പിൻ‌കുറിപ്പ്:
ഈ പോസ്റ്റിൽ പറയുന്ന വ്യക്തികളുടെയോ സ്ഥലങ്ങളുടെയോ പേര് ചോദിച്ചാൽ ഒരു ക്ലൂ പോലും പറയാൻ എനിക്കറിയില്ല. 

29 comments:

  1. ഫോണ്‍ വിളിച്ച് ഫണ്ടു പിരിവും അഴിമതിയുമൊക്കെ നടത്തുന്ന ലോകമാണ്. എംപി എന്തേ ഒരു കത്തു കൊടുത്തയച്ചില്ല? ഈ സംഭവം നര്‍മ്മത്തില്‍ ഉള്‍പ്പെടുത്തേണ്ടതല്ലെന്നാണ് തോന്നുന്നത്. നര്‍മ്മമൊന്നും തോന്നിയില്ല. എങ്കിലും സംഭവം കൊള്ളാം. ആശംസകള്‍...

    ReplyDelete
  2. @benji nellikala-,
    നർമം തീരെയില്ലെങ്കിലും ഇക്കാര്യം നർമമായി ചിന്തിക്കാനാണ് ഇപ്പോൾ എനിക്കിഷ്ടം. ആദ്യമായി അഭിപ്രായം എഴുതിയതിന് നന്ദി.

    ReplyDelete
  3. Replies
    1. ഇൻഡ്യാഹെറിറ്റേജ്-,
      ശരിക്കും തലയൂരി, അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  4. Dear Teacher
    Good presentation
    Sasi, Narmavedi

    ReplyDelete
    Replies
    1. @sasidharan-,
      Thanks,
      അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  5. എഴുത്തും ലെറ്റര്‍ പാടും ഒക്കെ ഇപ്പൊ വ്യാജന്‍ കിട്ടും..
    പിന്നെയാ ഫോണ്‍...ടീച്ചര് എന്തായാലും രക്ഷപെട്ടല്ലോ
    ആശ്വാസം...‍

    ReplyDelete
    Replies
    1. @ente lokam-,
      വ്യാജൻ ഉണ്ടാക്കാനും ഞാൻ പഠിച്ചു. അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  6. ഞാന്‍ എഴുതിയ അതിമഹത്തായ ആ കമന്‍റ് എവിടെ പോയി?
    കമന്‍റ് മഹത്തായതല്ല, ഞാന്‍ എഴുതിയ എന്നാണു അതിലെ പ്രാധാന്യം.....

    ഫോണ്‍ അല്ല കാര്യം, അതു പറഞ്ഞ എം പി....അതാണു കാര്യം...ഒരു തരത്തില്‍ രക്ഷപ്പെട്ടൂന്ന് വിചാരിച്ചാല്‍ മതി.......

    ReplyDelete
  7. @Echmukutty-,
    മൊത്തമായി തപ്പിനോക്കിയിട്ടും എച്ച്മുവിന്റെ കമന്റ് കാണാനേയില്ല. ഇതുപോലെ മറ്റു പലരും കമന്റ് കാണാനില്ല എന്ന് പറഞ്ഞ് മെയിൽ അയച്ചിട്ടുണ്ട്. ഗൂഗിളമ്മച്ചി കമന്റ് മുക്കുകയാണ്. അഭിപ്രായം എഴുതിയതിന് നന്ദി.

    ReplyDelete
  8. ‘അതേ, ആ ടെലിഫോണിലൂടെ കോളുകൾ പലതും കടന്നുവന്നു,
    ഏഷണി, ഭീഷണി, അപേക്ഷ, മാപ്പ് പറയൽ, പരാതി പറയൽ, എല്ലാമെല്ലാം,,,

    പിന്നെ വന്നതിനെല്ലാം അതേഡോസിൽ തിരിച്ചുകൊടുക്കുമ്പോൾ എന്തൊരു മനഃസമാധാനം! ‘

    ഹൌ എന്തഡവൻ ഡോസായിരിക്കും അല്ലേ അത്..!

    ReplyDelete
    Replies
    1. @Muralee..Mukundan..-,
      ഫുൾ ഡോസ് കൊടുത്ത ആ കാലത്ത് എന്റെ ടെൻഷൻ മൊത്തത്തിൽ മാറി. അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  9. ടീച്ചറെ,
    ഫോണിന്‍ പ്രോഗ്രാം പരിപാടി അസ്സലായി.
    തികച്ചും കാലികം ആരോ പറഞ്ഞപോലെ
    ഇതിനെ നര്‍മ്മത്തിന്റെ പട്ടികയില്‍ പെടുത്താന്‍
    കഴിയില്ല, തികച്ചും ഗൌരവതരമായ വിഷയങ്ങള്‍
    ഇത്തരം എത്രയോ തരം ശുപാര്‍ശകള്‍ ക്കിടയില്‍
    എത്രയോ അര്‍ഹതപ്പെട്ടവര്‍ പട്ടികയില്‍ നിന്നും
    തള്ളപ്പെടുന്നു. ഇതല്ലേ നമ്മുടെ ഡമോക്രസ്സി !!!
    നന്നായി അവതരിപ്പിച്ചു ആശംസകള്‍
    PS: ഫോണിന്റെ ചിത്രങ്ങള്‍ outdated ആയി തോന്നി
    ഒരു ആധുനിക ഫോണിന്റെ ചിത്രം കൊടുത്താല്‍ നന്നായിരിക്കും
    നമ്മുടെ നേതാക്കന്മാര്‍ ഇത്തരം ഫോണായിരിക്കില്ലല്ലോ ഉപയോഗിക്കുക!! :-)

    ReplyDelete
    Replies
    1. @P V Ariel-,
      അത് ശരിക്കും എം പി തന്നെ ആയിരിക്കും എന്നാണ് എനിക്കിപ്പോൾ തോന്നുന്നത്,, പിന്നെ ആ ഫോണിന്റെ ചിത്രങ്ങളൊക്കെ കൊടുത്തത് ഞാനുപയോഗിച്ചതാണ്. പിന്നെയാ മൊബൈൽ കൂട്ടം, നാല് വർഷം മുൻപ് എന്റെ ബന്ധുക്കളുടെ മൊബൈലുകൾ ചേർത്തുവെച്ച് എടുത്തതാണ്. ഇപ്പോൽ അതെല്ലാം മാറി.

      Delete
  10. അത് അരായാലും സാരമില്ല. എം പി ഫോണിൽ വിളിച്ചില്ലേ അതൊരു ഗമയല്ലേ?
    നന്നായിരിക്കുന്നു അവതരണം

    ReplyDelete
    Replies
    1. ‌@ ഉഷശ്രീ-,
      പിന്നെ അതിന്റെ ഗമ എനിക്കിപ്പോഴും ഉണ്ട്, ആനപ്പുറത്ത് കയറിയ പോലെ,,
      അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  11. അപ്പോ എം.പി.വിളിച്ചാൽ അഡ്മിഷൻ കിട്ടുമായിരിക്കും അല്ലേ,.. :)

    ReplyDelete
  12. @kumaaran-,
    എം പി ക്ക് അങ്ങനെയാണല്ലൊ വിശ്വാസം, രക്ഷിതാവിനോടും പറഞ്ഞിരിക്കും ‘അഡ്മിഷൻ ശരിയാക്കിത്തരാമെന്ന്’, അതല്ലെ ഓടി(നടന്ന്) വന്നത്. അഭിപ്രായം എഴുതിയതിന് നന്ദി.

    ReplyDelete
  13. അതേ ഫോണിലൂടെ പല സ്ഥലത്ത് പലരെയും ഞാൻ വിളിച്ചു,
    പോലീസ് സ്റ്റേഷനിൽ, വിദ്യാഭ്യാസ ഓഫിസുകളിൽ, ആർ ടി ഓ ഓഫിസിൽ, പാർട്ടി ഓഫീസുകളിൽ, പഞ്ചായത്ത് ഓഫീസുകളിൽ, മറ്റു വിദ്യാലയങ്ങളിൽ, ''പിന്നെ ഏറ്റവും കൂടുതലായി എന്റെ വീട്ടിലും;''
    athanu sathyam....
    kumaranu evideyo admission venamennu onnu M.P.yodu paranju sariyakki kodukku miniteachere.........

    ReplyDelete
  14. ഏതായാലും ടീച്ചര്‍ ഒരു വമ്പത്തി തന്നെ,സമ്മതിച്ചു. പിന്നെ ഒട്ടും ചിരി വന്നില്ല കെട്ടോ...ഇത്തിരിനേരം ചിരിക്കാം. ഇനി ഇവിടെ വല്ലതും കുറിച്ചിടാം!!!!!!!!!(ഈ പോസ്റ്റിനു ഇതു ബാധകമല്ല എന്നു കൂടി ചേര്‍ക്കുക..)

    ReplyDelete
  15. എന്റെ പൊന്നു ടീച്ചറെ..
    എമ്മെല്ലേയും എം‌പിയുമായും ഇത്രയൊക്കെ അടുപ്പമുള്ള ആളാണെന്നറിഞ്ഞില്ല...!!
    ഞാൻ ഇതിനു മുൻ‌പു ഒരുപാടു കമന്റുകൾ ഇവിടെ വന്ന് ഇട്ട് മുങ്ങിയിട്ടുണ്ട്. അറിഞ്ഞൊ അറിയാതെയോ വല്ല കമന്റും വശപ്പിശകിനു എഴുതിയിട്ടുണ്ടെങ്കിൽ മനപ്പൂർവ്വമല്ലെന്നു ധരിച്ച് മാപ്പാക്കണം...
    ദയവായി എം‌പിയോടൊന്നും പറഞ്ഞേക്കല്ലെ...
    ഒരു പാവത്താനാണെ..

    ReplyDelete
  16. @സീയെല്ലെസ് ബുക്സ്-,
    എം എൽ ഏയും എം പിയും മന്ത്രിയും വിചാരിച്ചാൽ എന്തും നടക്കും എന്നല്ലെ പൊതുജനത്തിന്റെ വിശ്വാസം. അഭിപ്രായം എഴുതിയതിന് നന്ദി.
    @മുഹമ്മദുകുട്ടി-,
    ഈ പോസ്റ്റ് അനുഭവം എന്ന ലേബലിൽ എഴുതിയാൽ വെളിപ്പെടുത്തലായി വന്നാലോ? പിന്നെ ഇതെല്ലാം വർഷങ്ങൾ കഴിഞ്ഞ് ചിന്തിക്കുമ്പോൾ എപ്പോൾ എനിക്ക് ചിരി വരികയാണ്. അഭിപ്രായം എഴുതിയതിന് നന്ദി.
    @വീ കെ -,
    എനിക്ക് എം പിയെ പരിചയം ഉണ്ടെങ്കിലും അദ്ദേഹത്തിന് എന്നെ പരിചയം ഇല്ലല്ലൊ. ഞാനാരോടും ഒന്നും പറയില്ല. അഭിപ്രായം എഴുതിയതിന് നന്ദി.

    ReplyDelete
  17. മിനി ചേച്ചി ഭയങ്കര വല്യ പുള്ളിയന്നല്ലേ :) എം പി യോക്കെയല്ലേ ഫോണ്‍ ചെയ്യുന്നത്!, പറഞ്ഞപോലെ ആ കുട്ടിക്ക് അഡ്മിഷന്‍ കൊടുത്തോ ??? എന്തായാലും സംഭവം കലക്കി ,വായിക്കാന്‍ രസം ഉണ്ടായിരുന്നു!

    ReplyDelete
    Replies
    1. @Jomon Joseph-,
      അഡ്‌മിഷൻ കൊടുത്തോ? എന്നൊക്കെ അന്വേഷിച്ചാൽ പ്രശ്നം വീണ്ടും എന്റെ തലയിലാവും. അതുകൊണ്ട് അക്കാര്യം ചിന്തിച്ചതേയില്ല. ചിന്തിക്കാൻ ഹൈ സ്ക്കൂളിൽ തന്നെ ധാരാളം ഉണ്ട്. അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  18. ടീച്ചറേ നല്ല എഴുത്ത്‌. നന്നായി അവതരിപ്പിച്ചിരിക്കുന്നു.

    ReplyDelete
  19. @Vinodkumar-,
    അഭിപ്രായം എഴുതിയതിന് നന്ദി.

    ReplyDelete
  20. എം.പി തന്നെയായിരിക്കും വിളിച്ചത്. ഒരിക്കൽ ഒരു എസ്.പി പോലീസ് സ്റ്റേഷനിൽ വിളിച്ച് പോലീസു കാർക്ക് പനി കൊടുത്ത കഥ നാട്ടിൽ നടന്നിരുന്നു. എസ്.പി എന്നു വച്ചാൽ സൂപ്രണ്ട് ഓഫ് പോലീസൊന്നുമല്ല. അയാൾ നാട്ടിൽ അറിയപ്പെടുന്നത് എസ്.പി എന്നായിരുന്നു അത്ര മാത്രം. ഇത് ആ ടൈപ്പ് എം.പി വല്ലതും ആയിരിക്കും. എന്തായാലും വലിയോരു തല ഊരിയല്ലോ സമാധാനം.

    ReplyDelete
  21. ഫോണ്‍ ഇന്‍ പ്രോഗ്രാം നന്നായി ടീച്ചറെ

    ReplyDelete

ഇത്തിരിനേരം ചിരിക്കാം. ഇനി ഇവിടെ വല്ലതും കുറിച്ചിടാം!!!!!!!!!